Pages

Sunday 23 September 2018



നന്മ മുടക്കികൾ


.. مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ
നന്‍മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ (ഒരാളെയും നീ പിൻപറ്റരുത് ) (സൂറ:അൽ ഖലം 12)

ഖുർആൻ ഹദീസ് പഠന ക്ലാസ് ഒരു ആസ്വദനമായി മാറിയിരിക്കുന്നു.. ഓരോ ആഴ്ചയും പഠിതാക്കളുടെ വിലയുരുത്തലുകൾ വലിയ പ്രചോദനം നൽകുന്നതാണ്..
നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എന്ന പ്രവാചക വചനം പ്രാവർത്തികമാക്കുക എന്ന് തന്നെയാണ് ലക്ഷ്യം..

ഏറ്റവും മഹത്വമുള്ള ഒരു സൽകർമ്മമായി ഇത് നില നിൽക്കെതന്നെ,ഇത്തരം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും,ജനങ്ങളെ ഇതിൽ നിന്ന് തടയാനും ചിലരുണ്ട് എന്നത് അങ്ങേയറ്റം സങ്കടകരമായ ഒരു വസ്തുതയാണ്...

പ്രവാചകൻ (സ്വ) യുടെ പ്രബോധനത്തിന്റെ തുടക്കത്തിൽ മുശ്രിക്കുകൾ പയറ്റിയത് ഇതേ അടവായിരുന്നു..
"ഖുർആൻ പാരായണം ചെയ്യുന്നിടത്ത് നിങ്ങൾ ശബ്ദമുണ്ടാക്കുക"എന്നായിരുന്നു നേതാക്കൾ നൽകിയ കൽപ്പന,കാരണം ഖുർആൻ കേൾക്കാൻ ഇടയായാൽ തങ്ങളുടെ ലാഭങ്ങൾക്ക് അത് തടസ്സമാകും എന്നവർക്കറിയാമായിരുന്നു. അവരെ പിൻപറ്റിക്കൊണ്ട്,സ്റ്റേജ് കെട്ടി,കസേര നിരത്തി പ്രഭാഷണം തുടങ്ങുമ്പോൾ കലഹമുണ്ടാക്കി തടസ്സപ്പെടുത്തിയിരുന്നു നമ്മുടെ നാട്ടിലും  ചിലരൊക്കെ. എന്നാൽ ഇന്ന് സ്റ്റേജ് പോലും കെട്ടാൻ അനുവദിക്കില്ല എന്ന നിലയിലാണ് ചിലർ.

അയാൾ പറയുന്നത് കേൾക്കരുത് എന്ന് പറയുമ്പോൾ അവിടെ കേൾവിക്കാർക്ക് സ്വാതന്ത്ര്യമുണ്ട്, കേൾക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ. എന്നാൽ അയാളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് പറയുമ്പോൾ കേൾവിക്കാരന്റെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ അയാൾ പറയുന്നത് കേൾക്കരുത് എന്ന് പറയുന്നതിനെക്കാൾ അപകടകരമാണ് അയാളെക്കൊണ്ട് പറയപ്പിക്കരുത് എന്നത്.

ഖുർആനും തിരു സുന്നത്തും  ഇസ്‌ലാമിക അടിസ്ഥാനങ്ങളും  മുൻകാമികളുടെ മാർഗമനുസരിച്ച്  വ്യവസ്ഥാപിതമായി പഠിപ്പിക്കുന്ന കൊഴ്സ്  നമ്മുടെ ബ്രാൻഡല്ലെന്ന് പറഞ്ഞ് തടസ്സപ്പെടുത്തുന്നവർ നന്മ മുടക്കികൾ  തന്നെ.

ശരിയായ അറിവ് സമൂഹത്തിന് ലഭിക്കുന്നത് ഏത് മാർഗത്തിലായാലും അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്,മുടക്കുകയല്ല..

അവഗണന കൊണ്ടോ ആക്ഷേപങ്ങൾ കൊണ്ടോ എഴുത്ത്ക്കാരുടെ കൈ അറുത്ത് മാറ്റാനോ പ്രഭാഷകന്മാരുടെ നാവ് പിഴുതെടുക്കുവാനോ ഇവർക്കാകില്ല.നന്മ ചെയ്യുകയുമില്ല, ചെയ്യാൻ അനുവദിക്കുകയുമില്ല....

നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ വെപ്രാളം കാട്ടിയവർ ഇപ്പോൾ അതെന്ത് ചെയ്യും എന്നാലോചിക്കുകയാണ്, മുടക്കാൻ എളുപ്പമാണ്....എന്നാൽ വലിയ അദ്ധ്വാനങ്ങളും സ്വപ്‌നങ്ങലുമാണ്  എളുപ്പത്തിൽ ഇല്ലാതാക്കുന്നത് എന്നോർക്കണം..

പരോപകാര വസ്തുക്കൾ തടയുന്നത് പോലും മതത്തെക്കളവാക്കലാണെങ്കിൽ, മത കാര്യങ്ങളിൽ മുടക്കം നിൽക്കുന്നത് എത്ര വലിയ പാപമായിരിക്കും...

അധികാരം അലങ്കാരമല്ല അമാനത്താണ്,ചോദ്യം ചെയ്യപ്പെടുന്നതാണ്. വീഴ്ച വരുത്തിയാൽ കത്തിയാളുന്ന നരകത്തിൽ കരിഞ്ഞമരേണ്ടി വരും,തീർച്ച.

അബ്ദു ശഹീദ് ഫാറൂഖി 

No comments:

Post a Comment